സുബി സുരേഷിന് അന്ത്യാഞ്ജലി അർപ്പിച്ച് സിനിമാലോകം: സംസ്‌കാരം ഇന്ന് വൈകിട്ട്
Send us your feedback to audioarticles@vaarta.com
അന്തരിച്ച നടിയും ടെലിവിഷന്‍ അവതാരകയുമായ സുബി സുരേഷിൻ്റെ സംസ്‌കാരം ഇന്ന് നടക്കും. മൃതദേഹം ഇന്ന് രാവിലെ എട്ട് മണിയോടെ വരാപ്പുഴയിലെ വീട്ടിലെത്തിച്ചു. ശേഷം വരാപ്പുഴ പുത്തന്‍പളളി പാരിഷ് ഹാളില്‍ പൊതുദര്‍ശനത്തിനു വെക്കും. വൈകിട്ടോടെ ചേരാനല്ലൂര്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. രാഷ്ട്രീയ സമൂഹ്യ ചലച്ചിത്ര രംഗത്തെ നിരവധി പേർ സുബി സുരേഷിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തും. കുറച്ച് നാളായി ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന സുബി കരൾരോഗ ബാധയെത്തുടർന്ന് രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരുന്നു. കരൾ പൂർണമായും പ്രവർത്തനരഹിതമായതിനെ തുടർന്ന് കരൾ മാറ്റിവയ്ക്കാൻ ഒരുക്കങ്ങൾ നടക്കുന്നതിനിടെ ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു അന്ത്യം.
നൃത്തത്തിലൂടെയായിരുന്നു സുബിയുടെ വേദികളിലേക്കുള്ള അരങ്ങേറ്റം. നിരവധി ചാനല്‍ പരിപാടികളിലും സുബി സജീവ സാന്നിധ്യമായി. മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി സുരേഷ്, കൊച്ചിൻ കലാഭവനിലൂടെയാണ് മുഖ്യധാരയിലേക്കു വരുന്നത്. കൊച്ചിൻ കലാഭവനിലെ ‘സിനിമാല’ എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനിൽ ശ്രദ്ധിക്കപ്പെട്ടത്. നിരവധി വിദേശ വേദികളിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. സുബി സുരേഷിന്‍റെ അകാല വിയോഗത്തില്‍ മുഖ്യമന്ത്രിയുൾപ്പെടെ നിരവധി പേർ സമൂഹ മാധ്യമങ്ങളിലൂടെ അനുശോചനം അറിയിച്ചു. അച്ഛന്‍: സുരേഷ്, അമ്മ: അംബിക, സഹോദരന്‍: എബി സുരേഷ്.
Follow us on Google News and stay updated with the latest!
Comments